തിരുവനന്തപുരം :നെടുമങ്ങാട് ജനാധിപത്യത്തിന്റെ ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങുമ്പോൾ നെടുമങ്ങാട്ടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉയരുന്നത് സ്ഥാനാർഥിമാരുടെ ചങ്കിടിപ്പിന്റെ താളം.
നാലുദിവസമായി മൂന്നു കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിൽ സുരക്ഷിത കാവലിൽ ഇരിക്കുന്ന ബാലറ്റ് പെട്ടികൾ ശനിയാഴ്ച രാവിലെ എട്ടിന് പൊട്ടിക്കും. ബാലറ്റ് പെട്ടി പൊട്ടിക്കഴിയുമ്പോൾ മിക്ക സ്ഥാനാർഥികളുടെയും മനക്കോട്ട തകരും. ത്രിതലപഞ്ചായത്തുകളിലായി 1825 സ്ഥാനാർഥിമാരുടെ വിധിനിർണയമാണ് ബുധനാഴ്ച രാവിലെ നാല് വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി നടക്കുന്നത്.
ഇതിൽ ആരൊക്കെ വാഴും ആരൊക്കെ വീഴും എന്ന് ഉറ്റുനോക്കുകയാണ് നാട്. നെടുമങ്ങാട് ബോയ്സ് സ്കൂളിലെ രണ്ടു കേന്ദ്രങ്ങൾ, വെള്ളനാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, വെഞ്ഞാറമൂട് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
മൂന്ന് ബ്ലോക്ക് ഡിവിഷനുകളിലും, നഗരസഭയിലും ജില്ലാ ഡിവിഷനുകളിലുമായി 1993 സ്ഥാനാർഥികളാണ് മത്സരിച്ചത്. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലായി മത്സരിച്ചത്.നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലായി മത്സരിച്ച ഇത്രയും സ്ഥാനാർഥികളുടെ വോട്ടുകളാണ് ശനിയാഴ്ച രാവിലെ നാല് കേന്ദ്രങ്ങളിലായി എണ്ണുന്നത്.
തിരഞ്ഞെടുപ്പ് നടന്ന ചൊവ്വാഴ്ചമുതൽ സ്ഥാനാർഥികളും പ്രവർത്തകരും കൂട്ടിക്കിഴിക്കലിന്റെയും മനക്കോട്ടകളുടെയും പിന്നാലെയായിരുന്നു. ഓരോ വാർഡിലെയും വോട്ടുകൾ വോട്ടുകൾ തലനാരിഴ കീറി പരിശോധിച്ചാണ് സ്ഥാനാർഥികൾ വിജയം തീരുമാനിച്ചിരിക്കുന്നത്. പെട്ടിയിൽ വീണ വോട്ടുകളിൽ ഏതെല്ലാം തനിക്ക് അനുകൂലമാണെന്നും പ്രതികൂലമായെങ്കിൽ അതിന്റെ കാരണങ്ങളുംവരെ സ്ഥാനാർഥികളുടെ കണക്കുപുസ്തകത്തിലുണ്ട്.
കൂടാതെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെയും പ്രവർത്തകരുടെയും റിപ്പോർട്ടുകളും മുന്നിലുണ്ട്. എങ്കിലും വോട്ടെണ്ണൽകേന്ദ്രത്തിൽ എത്തുന്നതോടെ സ്ഥാനാർഥികളുടെ പ്രതീക്ഷകൾക്ക് ഉയർച്ചയും തളർച്ചയും സംഭവിച്ചേക്കാം.
ഇക്കാര്യത്തിൽ കന്നിയങ്കക്കാരായ സ്ഥാനാർഥികൾക്കാണ് ആശങ്കകളേറെ. ആദ്യമായി മത്സരിച്ച വനിതാസ്ഥാനാർഥികളിൽ പലരും വോട്ടെണ്ണൽ കേന്ദ്രത്തിലേക്കില്ലെന്നു നേരത്തേതന്നെ മുന്നണിനേതാക്കളെ അറിയിച്ചുകഴിഞ്ഞു.
കൗണ്ടിങ് സ്റ്റേഷനിലിങ്ങനെ
നഗരസഭയിൽ രണ്ട് കൗണ്ടിങ് സെന്ററുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു റിട്ടേണിങ് ഓഫീസർ 21 വാർഡുകളുടെ വോട്ടെണ്ണലിന്റെ ചുമതല വഹിക്കും. പരമാവധി എട്ട് പോളിങ് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ക്രമീകരണം.
ബ്ലോക്ക് പഞ്ചായത്തുകളിൽ പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. സ്ഥാനാർഥികൾക്കും അവരുടെ ഓരോ കൗണ്ടിങ് ഏജന്റിനും മാത്രമാണ് വോട്ടെണ്ണൽകേന്ദ്രത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഒരു ടേബിളിൽ ഒരു എജന്റ് എന്നനിലയിലാണ് പാസ് അനുവദിക്കുക. സ്ഥാനാർഥി തിരിച്ചറിയൽ കാർഡും ഏജന്റ് ഫോട്ടോ പതിച്ച നിയമന ഉത്തരവും നിർബന്ധമായും കൈയിൽ കരുതിയിരിക്കണം. മൊബൈൽഫോൺ, ടാബ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ അനുവദിക്കില്ല.
പോലീസിന്റെ കർശന നടപടിയും ഇടപെടലും കേന്ദ്രങ്ങളിലുണ്ട്. വോട്ടെണ്ണൽ വിവരങ്ങൾ ട്രെൻഡ് സോഫ്റ്റ്‌വേർ മുഖേന തത്സമയം ലഭ്യമാക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
വോട്ടർമാരുടെ എണ്ണം
നെടുമങ്ങാട് ബ്ലോക്ക്-162513, വെള്ളനാട് ബ്ലോക്ക്-206639 വാമനപുരം, ബ്ലോക്ക്-204178 ആകെ വോട്ടർമാർ-573330






