തിരുവനന്തപുരം: എം.സി. റോഡിൽ കീഴായിക്കോണത്ത് കാർ–ബൈക്ക് കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്തിരുന്ന കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു അപകടം.
വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വന്ന ബൈക്കും എതിർദിശയിൽ നിന്നെത്തിയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുബിനെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് സിദ്ധാർഥ് പരിക്കേറ്റ് ചികിത്സയിലാണ്. വാമനപുരത്ത് നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.






