ഗാന്ധിനഗർ: ഗുജറാത്തിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരേ കുടുംബത്തിലെ നാല് പേർ മരിച്ചു. വഡോദര സ്വദേശികളായ സാജിദ് ഇഖ്ബാൽ ഖിൻജി (55), ഇല്യാസ് ഇഖ്ബാൽ ഖിൻജി (50), ഇസ്ഹാഖ് ഇഖ്ബാൽ ഖിൻജി (48), റെഹാൻ അസ്ഗർ ഖിൻജി (35) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഡൽഹി–മുംബൈ എക്സ്പ്രസ് വേയിൽ കലോലിന് സമീപമാണ് ദുരന്തം നടന്നത്. രാജസ്ഥാനിൽ നിന്ന് വഡോദരയിലേക്ക് മടങ്ങുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നതായി പൊലീസ് അറിയിച്ചു.
അപകടത്തിൽപ്പെട്ട നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.




