മലപ്പുറം : വയസ്സ് തിരുത്തി വ്യാജരേഖയുണ്ടാക്കി യുവതിയുടെ പേര് വോട്ടർപട്ടികയിൽ ചേർത്ത സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. പുളിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വോട്ടർ പട്ടികയിൽ പേര് ചേർക്കപ്പെട്ടയാൾ, ഇവരുടെ പിതാവ്, പുളിക്കൽ ഗ്രാമപഞ്ചായത്തിൽ വാർഡ് 16ൽ മത്സരിക്കുന്ന എൽ.ഡി.എ ഫ് സ്ഥാനാർഥി കെ.ഒ. നൗഫൽ എന്നിവർക്കെതിരെയാണ് കേസ്. വോട്ടർപട്ടികയിൽ പേരുചേർക്കാൻ 2025 ജനുവരി ഒന്നിന് 18 വയസ്സ് തികയണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നിഷ്‌കർഷിച്ചിരിക്കുന്നത്.
ഈ വ്യവസ്ഥ ലംഘിച്ച് നിശ്ചിത തീയതിയിൽ 18 വയസ്സ് തികയാത്തയാളുടെ എസ്.എസ്.എൽ. സി സർട്ടിഫിക്കറ്റിലെ ജനനത്തീയതിയിൽ കൃത്രിമം കാണിച്ച് പുളിക്കൽ ഗ്രാമപഞ്ചായത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സമർപ്പിച്ച് പേരു ചേർത്തെന്നാണ് കേസ്. അന്വേഷണം ആരംഭിച്ചതായി കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്ടർ പി. എം. ഷമീർ അറിയിച്ചു. ഓൺലൈനായി അപേക്ഷ നൽകിയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടത്. ഈ അപേക്ഷ സമർപ്പിച്ച മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടെയാണ് സെക്രട്ടറി പരാതി നൽകിയിരിക്കുന്നത്. നേരത്തേ മുസ്ലിം യൂത്ത് ലീഗ് പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു.









