കേരളത്തിലുടനീളം 1,373 സജീവ കോവിഡ് കേസുകളും ഒമ്പത് മരണങ്ങളും സ്ഥിരീകരിച്ചതോടെ, ആരോഗ്യ വകുപ്പ് പൊതു, സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഇതിന്റെ ഭാഗമായി മോക്ക് ഡ്രില്ലുകൾ നിർബന്ധമാക്കി . ഡ്രിൽ റിപ്പോർട്ടുകൾ ഓൺലൈനായി സമർപ്പിക്കുന്നതിന് ഒരു ഗൂഗിൾ ഫോം നൽകിയിട്ടുണ്ട്. കൂടാതെ കോവിഡ്-19, ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ഉള്ള രോഗികളെ ചികിത്സിക്കുമ്പോൾ 2023 ജൂണിൽ പുറത്തിറക്കിയ പുതുക്കിയ എബിസി മാർഗ്ഗനിർദ്ദേശങ്ങൾ 03 പാലിക്കാൻ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുതിർന്നവരിൽ ശ്വാസതടസ്സം, നെഞ്ചുവേദന, കുറഞ്ഞ രക്തസമ്മർദ്ദം, ഹെമോപ്റ്റിസിസ്, സയനോസിസ് തുടങ്ങിയലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകർ ജാഗ്രത പാലിക്കണം . കോവിഡ് പോസിറ്റീവ്, ഇൻഫ്ലുവൻസ രോഗികളെ ക്രോസ്-ഇൻഫെക്ഷൻ ഒഴിവാക്കാൻ പ്രത്യേക വാർഡുകളിലോ മുറികളിലോ ഐസൊലേറ്റ് ചെയ്യണം. കൂടാതെ പകരുന്നത് കുറയ്ക്കുന്നതിന്, ആശുപത്രികളിൽ സമീപത്ത് നിൽക്കുന്നവരുടെയും സന്ദർശകരുടെയും എണ്ണം പരിമിതപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.






