ന്യൂഡൽഹി: 2027ലെ സെൻസസിനായുള്ള പോർട്ടലിൽ മതവിഭാഗങ്ങളുടെ വിവരങ്ങൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട മാറ്റം വിവാദമാകുന്നു. പൗരന്മാർക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള പോർട്ടലിൽ നിന്ന് ചില മതവിഭാഗങ്ങളുടെ ഉപവിഭാഗങ്ങളുടെ പട്ടിക നീക്കം ചെയ്തതാണ് വിവാദത്തിന് കാരണം.
നേരത്തേ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ജൈന, ബുദ്ധ, സിഖ് വിഭാഗങ്ങൾക്കൊപ്പം ‘മറ്റുള്ളവർ’ എന്ന വിഭാഗവും പോർട്ടലിൽ ഉൾപ്പെടുത്തിയിരുന്നു. ഈ വിഭാഗത്തിന് കീഴിൽ 287 ഉപവിഭാഗങ്ങളുടെ പേരുകളും നൽകിയിരുന്നു. എന്നാൽ പിന്നീട് ഈ പട്ടിക പോർട്ടലിൽ നിന്ന് ഒഴിവാക്കി.
സൂഫി, സുന്നി, ഷിയ, പെന്തകോസ്ത് വിഭാഗങ്ങൾക്കും ഇസ്കോൺ, രാമകൃഷ്ണ പരമഹംസ, രാംദേവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഭാഗങ്ങൾക്കും പട്ടികയിൽ ഇടമുണ്ടായിരുന്നു. ഇവ നീക്കം ചെയ്തതിനെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി.
യാതൊരു വിശദീകരണവുമില്ലാതെ പട്ടിക ഒഴിവാക്കിയത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജയറാം രമേശ് വിമർശിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് ആരോപിച്ചു.
അതേസമയം, ഉപവിഭാഗങ്ങളുടെ പട്ടിക എങ്ങനെയാണ് പോർട്ടലിൽ ഉൾപ്പെടുത്തിയതെന്ന് പരിശോധിക്കുമെന്ന് സെൻസസ് കമ്മീഷണർ വ്യക്തമാക്കി. ‘മറ്റുള്ളവർ’ എന്ന വിഭാഗം ഇപ്പോഴും പോർട്ടലിൽ ലഭ്യമാണ്. പൗരന്മാർക്ക് തങ്ങളുടെ മതവിഭാഗത്തിന്റെ പേര് അതിൽ നേരിട്ട് രേഖപ്പെടുത്താമെന്നും കമ്മീഷണർ അറിയിച്ചു. പോർട്ടലിലെ മാറ്റങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.


