തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. കേസിൽ ആകെ 12 പ്രതികളാണുള്ളത്. ഇതിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. ആർ.എസ്.എസ് പ്രവർത്തകനായിരുന്ന രഞ്ജിത്തിനെ രാഷ്ട്രീയ വിരോധത്തെത്തുടർന്ന് സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്.
2008 ഒക്ടോബർ 17ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടമുകളിലെ ബേക്കറിയിൽ നിൽക്കുകയായിരുന്ന രഞ്ജിത്തിനെ രണ്ട് കാറുകളിലും ബൈക്കുകളിലുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ സി.പി.എം പ്രാദേശിക നേതാക്കളെയും കേസിൽ പ്രതിചേർത്തിരുന്നു. അതേസമയം, വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ചില പൊലീസുകാർ കൂറുമാറിയിരുന്നു.
കോടതിക്ക് പുറത്ത് സംഘർഷം
വിധി പുറത്തുവന്നതിന് പിന്നാലെ വഞ്ചിയൂർ കോടതിക്ക് പുറത്ത് ബി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതികളുമായി പൊലീസ് വാഹനം കോടതിയിൽനിന്ന് പുറത്തേക്ക് വന്നതോടെ ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന പ്രതികളും തിരിച്ചാക്രോശിച്ചു.
ബി.ജെ.പി പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്. ഇതിനിടെ സ്ഥലത്തെത്തിയ സി.പി.എം പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഇരുവിഭാഗങ്ങളെയും വേർതിരിച്ച് സ്ഥിതിഗതികൾ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൂടുതൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.


