ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ പാചകവാതക ലഭ്യത ഉറപ്പാക്കാൻ എൽപിജി ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ പൊതുമേഖല എണ്ണ കമ്പനികൾക്ക് നിർദേശം നൽകി. പ്രൊപ്പെയ്ൻ, ബൂട്ടെയ്ൻ എന്നിവയുടെ ഉപയോഗം വർധിപ്പിച്ച് പരമാവധി എൽപിജി ഉത്പാദനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഇതിനായി രാജ്യത്തെ റിഫൈനറികളോട് ഈ ഘടകങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള പൊതുമേഖല എണ്ണ വിപണന കമ്പനികളോടാണ് സർക്കാർ നടപടി ശക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ധന വിതരണത്തിൽ തടസ്സം ഉണ്ടാകാതിരിക്കാൻ വിവിധ രാജ്യങ്ങളുമായി സർക്കാർ ചർച്ചകളും തുടരുകയാണ്. യുഎഇയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ധനവിതരണം ഉറപ്പാക്കുന്നതിനായി കരാറുകൾ നിലവിലുണ്ട്. ഇറക്കുമതി സുഗമമാക്കാൻ കപ്പലുകൾക്ക് ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്കയുമായി കൂടി ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇതിനൊപ്പം നിലവിലുള്ള കരാറുകൾ പ്രകാരം റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തുടരാനും പദ്ധതി ഉണ്ട്. അന്താരാഷ്ട്ര ഊർജ സംഘടനകളായ ഇന്റർനാഷണൽ എനർജി ഏജൻസിയും ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സർക്കാർ ആശയവിനിമയം തുടരുന്നു.
നിലവിൽ രാജ്യത്ത് എട്ട് ആഴ്ചത്തേക്കുള്ള ഇന്ധന ശേഖരം ലഭ്യമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുകയും ആഗോളതലത്തിൽ വിതരണ ശൃംഖല വൈവിധ്യവൽക്കരിക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.






