തിരുവനന്തപുരം: ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിന് 100-ലേറെ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. യാത്രക്കാർക്ക് ഓണ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായാണ് പ്രത്യേക ട്രെയിനുകൾ അനുവദിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്പെഷ്യൽ ട്രെയിനുകൾ ഏതെല്ലാം റൂട്ടുകളിലായിരിക്കും സർവീസ് നടത്തുക എന്നത് ഉടൻ തീരുമാനിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ഓണക്കാലത്ത് കേരളത്തിലേക്കും കേരളത്തിൽ നിന്നുമുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിനുകൾ അനുവദിച്ചത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. റൂട്ടുകളും സമയക്രമവും റെയിൽവേ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.




