കോട്ടയം: ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ചു ചങ്ങനാശേരി ലഹരിയുടെ ഹബ്ബ് മാറുന്നു. എക്സൈസിന്റെ കണക്ക് പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ ലഹരി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള താലൂക്കുകളിൽ ഒന്ന് ചങ്ങനാശേരിയാണ്. എംഡിഎംഎ തുടങ്ങി മാരകമായ രാസലഹരിയുടെ പേരിൽ 2025ൽ മാത്രം നൂറ്റിഎൺപത്തിയേട്ടു കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാസലഹരിയുമായി നൂറ്റിയെഴുപത്തൊൻപത് പേരെ അറസ്റ്റ് ചെയ്തു. ചങ്ങനാശേരി എക്സൈസും റേഞ്ച് ഓഫിസും 2025ൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കണക്കാണിത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകളിൽ വലിയ വർധനയുണ്ടായി. നൂറ്റിയിരുപത് കിലോ പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു.
അനധികൃത മദ്യ നിർമാണത്തിലും വിൽപനയിലും ഇരുന്നൂറ്റിപ്പതിനെട്ട് പേർ അറസ്റ്റിലായി. പിടികൂടുന്ന കഞ്ചാവിന്റെയും എംഡിഎംഎയുടെയും ബ്രൗൺ ഷുഗറിന്റെയും അളവും മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചങ്ങനാശേരി എക്സൈസ്, റേഞ്ച് ഓഫിസിന്റെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ പരിശോധനയും കൂടുതൽ കേസുകൾ കണ്ടെത്താൻ കാരണമാകുന്നുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ റജിസ്റ്റർ ചെയ്ത രണ്ടാമത്തെ ഉദ്യോഗസ്ഥനുള്ള നേട്ടം ചങ്ങനാശേരി എക്സൈസ് ഇൻസ്പെക്ടർ കെ.അഭിലാഷിനു ലഭിച്ചു.



