കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്കട വീട്ടിൽ സാജു ആന്റണി (64), ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപത്തായിരുന്നു ഇവരുടെ താമസം. ഇന്ന് രാവിലെ ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ടും ആരും പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സാജു ആന്റണിയെയും ഭാര്യ അനുവിനെയും കിടപ്പുമുറിയിലും മകൻ സബിനെ സ്റ്റോർ റൂമിലുമാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ വീട്ടിൽ അതിക്രമം നടന്നതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സബിന്റെ ഭാര്യ വിദേശത്താണ്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം തുടരുകയാണ്.


