കൊച്ചി: ചേരാനല്ലൂർ അപകടക്കേസിൽ പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് കോടതി. കേസിലെ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേരും മറ്റ് വ്യക്തിവിവരങ്ങളും അപേക്ഷയിൽ ഉൾപ്പെടുത്തിയതിനാണ് കോടതി അതൃപ്തി അറിയിച്ചത്.
17കാരന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടുംബവും പ്രോസിക്യൂഷനും സമർപ്പിച്ച അപേക്ഷകളിൽ കുട്ടിയുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെട്ടിരുന്നു.
ഇങ്ങനെയാണോ അപ്പീൽ സമർപ്പിക്കേണ്ടതെന്ന് ചോദിച്ച കോടതി, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവരങ്ങൾ ഉൾപ്പെടുത്താതെ പുതിയ അപേക്ഷ നൽകാൻ പ്രോസിക്യൂഷന് നിർദേശം നൽകി.
വിഷയത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി അപേക്ഷ വീണ്ടും സമർപ്പിക്കണം. ഇതിന് പിന്നാലെ ജാമ്യം റദ്ദാക്കണമെന്ന ഹർജി നാളെ വീണ്ടും പരിഗണിക്കാനായി മാറ്റി.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമപരമായ സംരക്ഷണങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും കോടതി നടപടിയിലൂടെ വീണ്ടും ചർച്ചയായിരിക്കുകയാണ്.




