ഭുവനേശ്വര്‍: ഒഡിഷയിലും ആന്ധ്രയിലും കനത്ത നാശം വിതച്ച് അർണാബ് ചുഴലിക്കാറ്റ്. ഒഡീഷയിലെ 9 ജില്ലകളിലായി 55,000 ത്തിലധികം പേരെ ഒഴിപ്പിച്ചു. വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച ഗഞ്ചമിലും മറ്റ് എട്ട് ജില്ലകളിലും രക്ഷാപ്രവര്‍ത്തനങ്ങൾക്കായി ഒഡിഷ സര്‍ക്കാര്‍ വിവിധ ദുരന്ത നിവാരണ ഏജൻസികളിൽ നിന്നുള്ള 300ലധികം ടീമുകളെ വിന്യസിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബഹുദ നദി അപകട നില കടന്നതിനെ തുടര്‍ന്ന് ഗഞ്ചം ജില്ലയിൽ ഹൗറ- ചെന്നൈ റൂട്ടിലെ ഗതാഗതം തടസപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ നടപടിയുടെ ഭാഗമായി 36 ട്രെയിനുകൾ റദ്ദാക്കുകയും 30 എണ്ണം വഴിതിരിച്ചുവിടുകയും എട്ട് എണ്ണം നിയന്ത്രിക്കുകയോ പുനഃക്രമീകരികയോ ചെയ്തു.
ഗഞ്ചം ജില്ലയിലെ പത്രപൂർ ബ്ലോക്കിൽ 24 മണിക്കൂറിനുള്ളിൽ 54 സെന്റീമീറ്റർ മഴയാണ് പെയ്തത്. ഗഞ്ചമിലെ വെള്ളപ്പൊക്കം ഏകദേശം 50,000 ആളുകളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി പറഞ്ഞു.ഗഞ്ചം ജില്ലയിലെ 21 സ്ഥലങ്ങളിൽ ഭക്ഷണ പാക്കറ്റുകൾ വിമാനമാർഗം എത്തിച്ചുനൽകാൻ പ്രതിരോധ ഹെലികോപ്റ്ററുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവിടെ ദുരിതബാധിതർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ മറ്റ് മാർഗങ്ങളില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.



