കോട്ടയം: പൊൻകുന്നതിനടുത്തു ചിറകടവിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് കോഴിഫാമിൽ അറുനൂറോളം കോഴികൾ ചത്തു. ചിറക്കടവ് ഈസ്റ്റ് ഗ്രാമദീപം കുഴിപ്പള്ളിൽ ശശിധരൻപിള്ളയുടെ ഫാമിലാണ് കഴിഞ്ഞദിവസം രാവിലെ ആണ് രണ്ടു നായ്ക്കൾ കയറി കോഴികളെ കൊന്നത്.
ഈ കോഴി ഫാമിന്റെ വശത്തെ വല തകർത്താണ് ഇവ അകത്തുകടന്നത്. കോഴികളുടെ ശബ്ദംകേട്ട് ശശിധരൻപിള്ള ഓടിയെത്തിയപ്പോൾ രണ്ടു നായ്ക്കൾ പുറത്തേക്കോടി രക്ഷപ്പെട്ടു. പിന്നീട് ചത്തകോഴികളെ മണ്ണുമാന്തി ഉപയോഗിച്ച് കുഴിയിൽ മൂടി. പ്രദേശത്ത് അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ശല്യം ഉണ്ടെങ്കിലും, കോഴിഫാമിൽ ആദ്യമായാണിവ കടക്കുന്നത്.
പൊൻകുന്നത്തു കെവിഎംഎസ്. റോഡിലും ആശുപത്രി പരിസരത്തും തെരുവുനായ്ക്കളുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഭക്ഷണാവശിഷ്ടം ഉപേക്ഷിക്കുന്നിടങ്ങൾ കേന്ദ്രീകരിച്ചാണിവ തമ്പടിക്കുന്നത്. പൊൻകുന്നം ടൗൺഹാൾ റോഡിലും നിരവധി നായ്ക്കൾ വഴിയാത്രക്കാർക്ക് ശല്യമാണ്.






