കോട്ടയം: വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാത ശിശു മരിച്ച സംഭവത്തിൽ യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. കടുത്തുരുത്തി വെള്ളാശേരി ആളുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തിക (38) യുടെ മൊഴിയാണ് കോട്ടയം മെഡിക്കൽ കോളേജിലെത്തി രേഖപ്പെടുത്തുക.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം അനീഷിന്റെ കുടുംബവീടായ ആളുമ്മേൽ വീട്ടിൽ സംസ്കരിച്ചു. ശ്വാസംമുട്ടലാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുമായി നേരിൽകണ്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഞായറാഴ്ച ഫോറൻസിക് സംഘം യുവതിയുടെ വീട്ടിൽ പരിശോധന നടത്തി.
ശനിയാഴ്ച വൈകീട്ട് കാർത്തികയെ വീട്ടിൽ രക്തസ്രാവത്തോടെയും അബോധാവസ്ഥയിലുമാണ് പരിസരവാസികൾ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രസവാനന്തര പ്രശ്നങ്ങളാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം, ഗർഭിണിയാണെന്ന വിവരം മറച്ചുവെക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നാണ് ആശ പ്രവർത്തകയും മുൻ പഞ്ചായത്ത് അംഗവുമായ ശാന്തമ്മ രമേശൻ ആരോപിക്കുന്നത്. ആരോഗ്യ വകുപ്പിന് ലഭിച്ച വിവരങ്ങൾ യഥാസമയം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നുവെന്നും അവർ പറഞ്ഞു.




