ഗുരുഗ്രാം: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ഗുരുഗ്രാം മൗര്യ സ്കൂളിലെ വിദ്യാർത്ഥിനി അർഷ സൈറ ജോഷി. പരീക്ഷ എഴുതിയ എല്ലാ വിഷയങ്ങളിലും നൂറിൽ നൂറ് മാർക്ക് നേടി, 600-ൽ 600 എന്ന സമ്പൂർണ സ്കോറോടെയാണ് അർഷ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
അച്ചടക്കം, കഠിനാധ്വാനം, കൃത്യമായ ആസൂത്രണം എന്നിവയാണ് തന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് അർഷ പറയുന്നു. ഈ നേട്ടം തന്റെ സ്വപ്നസാക്ഷാത്കാരമാണെന്നും അവൾ പ്രതികരിച്ചു. മാതാപിതാക്കളായ റിയ പോളിന്റെയും ആരോമൽ അമൽ ജോഷിയുടെയും സ്ഥിരമായ പിന്തുണയും അധ്യാപകരുടെ മാർഗനിർദ്ദേശവും വിജയത്തിൽ വലിയ പങ്കുവഹിച്ചതായും അർഷ നന്ദിയോടെ ഓർത്തു.
പഠനത്തിൽ സമ്മർദ്ദം നൽകാതെ ആത്മവിശ്വാസം നൽകുന്ന മാതാപിതാക്കളുടെ സമീപനമാണ് തന്റെ ശക്തിയെന്ന് അർഷ പറയുന്നു. പാഠങ്ങൾ മനപ്പാഠമാക്കുന്നതിന് പകരം അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കി പഠിക്കുന്ന രീതിയാണ് അവൾ പിന്തുടർന്നത്. കൂടാതെ കൃത്യമായ നോട്ടുകൾ തയ്യാറാക്കലും ആവർത്തിച്ചുള്ള പഠനവും പരീക്ഷാ വിജയത്തിന് സഹായകമായി.
സ്കൂളിലെ ചിട്ടയായ പഠനരീതിയും അധ്യാപകരുടെ വ്യക്തിഗത ശ്രദ്ധയും മോഡൽ പരീക്ഷകളിലൂടെ ലഭിച്ച പരിശീലനവും സമയം മാനേജ് ചെയ്യാനും കൃത്യത വർധിപ്പിക്കാനും സഹായിച്ചു. പഠനത്തിനിടയിൽ ചെറിയ ഇടവേളകളും സംഗീതവും ഉൾപ്പെടുത്തിയാണ് അവൾ മാനസിക ഉന്മേഷം നിലനിർത്തിയത്.
ഭാവിയിൽ സമൂഹത്തിന് ഉപകാരപ്രദമായ ഒരു കരിയർ ലക്ഷ്യമിടുന്നതായി അർഷ പറയുന്നു. സ്ഥിരതയുള്ള പരിശ്രമവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏത് ലക്ഷ്യവും നേടാനാകുമെന്ന് അവൾ തന്റെ സഹപാഠികൾക്ക് സന്ദേശം നൽകുന്നു.




