കാസർകോട്: പടന്നയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് വിദേശത്തേക്ക് പോയ വരനെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടി തുടങ്ങി. ദക്ഷിണ കൊറിയയിലേക്കു പോയ ഷാബിറിനെ തിരികെ എത്തിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പെൺകുട്ടിയുടെ പിതാവടക്കം മറ്റ് മൂന്ന് പ്രതികളെ ചോദ്യം ചെയ്യാനും തുടർന്ന് അറസ്റ്റിലേക്ക് കടക്കാനും പൊലീസ് ഒരുങ്ങുന്നു.
ശൈശവ വിവാഹം പള്ളി കമ്മിറ്റിയുടെ അറിവോടെയാണെന്ന വിവരമാണ് ശൈശവ വിവാഹ നിരോധന ഓഫീസർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ വിവാഹത്തിന്റെ രേഖകൾ പള്ളിയിൽ ഇല്ലെന്നും, പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം ചടങ്ങിന് ശേഷം മാത്രമാണ് ഉസ്താദ് അറിഞ്ഞതെന്നുമാണ് റിപ്പോർട്ടിലെ പരാമർശം. ഉസ്താദിനെ തെറ്റിദ്ധരിപ്പിച്ചിരിക്കാമെന്നും വിവാഹം മറച്ചുവെക്കാനുള്ള ശ്രമം ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
പള്ളിക്കാൽ ജുമാ മസ്ജിദിൽ വിവാഹം നടത്താൻ പഞ്ചായത്തംഗം താജുദീൻ സമ്മർദം ചെലുത്തിയതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്ന് താജുദീനെതിരെ വിമർശനവുമായി പഞ്ചായത്തും രംഗത്തെത്തി. സംഭവത്തിൽ ജാഗ്രതക്കുറവ് ഉണ്ടായതായി പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
ഏപ്രിൽ 13-നാണ് 16 വയസ്സുള്ള പെൺകുട്ടിയും 28കാരനായ യുവാവും തമ്മിൽ വിവാഹം നടന്നതായി പരാതി ഉയർന്നത്. സംഭവത്തിൽ ഷാബിർ ഷെയ്ഖ്, പെൺകുട്ടിയുടെ പിതാവ്, പഞ്ചായത്തംഗം പി.കെ. താജുദ്ദീൻ, ജുമാ മസ്ജിദിലെ ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശൈശവ വിവാഹ നിരോധന ഓഫീസറും ചൈൽഡ് ലൈൻ സംവിധാനവും നടത്തിയ അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




