കണ്ണൂർ: ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടികളുടെ മൊഴി പുറത്ത്. പിതാവ് ജോസ് ഇതിന് മുൻപും കുട്ടികളെ മർദിച്ചിട്ടുണ്ട്. മദ്യപിച്ച് കഴിഞ്ഞാൽ നിസാര പ്രശ്നങ്ങൾക്ക് പോലും തല്ലുമായിരുന്നുവെന്ന് സിഡബ്യുസിക്ക് കുട്ടികൾ മൊഴി നൽകി. കൗൺസിലിംഗിന് ശേഷം വിശദമായ മൊഴി എടുക്കും. അമ്മയ്ക്ക് കൂടുതൽ ഇഷ്ടം മക്കളോടായതുകൊണ്ടാണ് മർദിച്ചതെന്ന് വിലയിരുത്തുന്നു.
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാൻ വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത് എന്നായിരുന്നു ജോസ് പോലീസിനോട് ആവർത്തിച്ചത്. പ്രാങ്ക് വീഡിയോ കഥ പൊളിക്കുന്നതാണ് കുട്ടികളുടെ മൊഴി. എന്നാൽ ഈ മൊഴി പൂർണ്ണമായും പോലീസ് വിശ്വസിച്ചിരുന്നില്ല. കഴിഞ്ഞ 19-നാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഇത് ഭാര്യക്ക് അയച്ചു നൽകിയതായും പോലീസ് കണ്ടെത്തിയിരുന്നു. രണ്ട് കുട്ടികളെയും സിഡബ്യുസി സംരക്ഷണയിലേക്ക് മാറ്റി.






