ബെംഗളൂരു ദുരന്തത്തില്‍ കടുത്ത നടപടിയുമായി കർണാടക സർക്കാർ. ബെംഗളൂരു പൊലീസ് കമ്മീഷണർ ഉൾപ്പെടെ നാല് മുതിർന്ന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജുഡീഷ്യൽ അന്വേഷണത്തിനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. ആർസിബി ഫ്രാഞ്ചൈസിയുടെ പ്രതിനിധികളെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാനാണ് സർക്കാർ തീരുമാനം. ബുധനാഴ്ച ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേരാണ് മരിച്ചത്. 11 പേരുടെ ജീവനെടുത്ത ദുരന്തത്തിൽ പൊലീസിനും പരിപാടിയുട സംഘാടകർക്കുമാണ് വീഴ്ച സംഭവിച്ചതെന്നാണ് സിദ്ധരാമയ്യ സർക്കാരിന്റെ നിലപാട്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷപരിപാടിയും വിക്ടറി പരേഡും നടത്താൻ ചുമതലയുണ്ടായിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ക്രിക്കറ്റ് സ്റ്റേഡിയം ചുമതലയുണ്ടായിരുന്ന അഡീഷണൽ കമ്മീഷണർ, ബെംഗളൂരു എസിപി, സെൻട്രൽ ഡിസിപി, കബ്ബൺ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവർക്കാണ് സസ്പെൻഷൻ. ആർസിബിയുടെയും ക്രിക്കറ്റ് അസോസിയേഷൻ്റെയും പ്രതിനിധികളെ അറസ്റ്റ് ചെയ്യാനും സിദ്ധരാമയ്യ ഉത്തരവിട്ടു. ഡിജിപി, ഐജി എന്നിവർക്കാണ് ഇക്കാര്യത്തില്‍ നിർദേശ നല്‍കിയിരിക്കുന്നത്. നേരത്തെ ആർസിബി ഫ്രാഞ്ചൈസി, കർണാടക ക്രിക്കറ്റ് അസോസിയേഷൻ, ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനമായ ഡിഎൻഎ എൻ്റർടെയ്ൻ്റ്മെൻ്സ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.






