കൊല്ലം: ജില്ലാ കലോത്സവത്തില്‍ ഭാരതാംബ ചിത്രത്തെ ചൊല്ലി തര്‍ക്കം.ദേശീയ അധ്യാപക പരിഷത്ത് വേദിക്ക് സമീപമുള്ള സ്റ്റാളില്‍ കെട്ടിയ ബാനറില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു.
കലോത്സവ സ്ഥലത്ത് നിന്ന് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമുള്ള ബാനര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗതെത്തി. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.
ബാനര്‍ നീക്കം ചെയ്യുന്നതിനെതിരെ അധ്യാപക പരിഷത്ത് പ്രവര്‍ത്തകരും രംഗത്തെത്തി. ഡിഡിഇ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ഭാരതാംബയുടെ ചിത്രം കര്ട്ടണ് ഉപയോഗിച്ച് മറച്ച് തര്‍ക്കം പരിഹരിച്ചു.
കലോത്സവത്തിന് എത്തുന്ന പ്രതിഭകളെ സ്വാഗതം ചെയ്തുകൊണ്ട് ദേശീയ അധ്യാപക പരിഷത്ത് കേരള ഘടകമാണ് ബാനര്‍ സ്ഥാപിച്ചത്. ബാനറില്‍ കലോത്സവ സംഘാടക സമിതിയിലെ സ്റ്റേജ് ആന്‍ഡ് പന്തല്‍ കമ്മിറ്റിയുടെ ആശംസ അറിയിച്ചുള്ള ബാനറിലാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമുള്ളത്.
ഒരു ഭാഗത്ത് സ്വാമി വിവേകാനന്ദന്റെ ചിത്രവും ഉണ്ട്. കലോത്സവ വേദിയ്ക്ക് സമീപം ഇത്തരത്തിലൊരു ബാനര്‍ സ്ഥാപിച്ചത് തെറ്റായ നടപടിയണെന്ന് ചൂണ്ടികാണിച്ചാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധിച്ചത്.



