പട്ന: ബിഹാറിലെ സരൺ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം കുടുംബവീട്ടിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്.
അഞ്ച് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ ബലം പ്രയോഗിച്ച് സമീപത്തെ ഒരു കുളിമുറിയിലേക്ക് വലിച്ചിഴച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തിയപ്പോൾ പ്രതികൾ പെൺകുട്ടിയെ സമീപത്തെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നീട് പെൺകുട്ടി മരിച്ചതായി സ്ഥിരീകരിച്ചു.
സംഭവത്തിൽ പങ്കെടുത്തവർ പെൺകുട്ടിയുടെ അയൽവാസികളാണെന്ന് കുടുംബം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് സരൺ ജില്ലയിൽ വ്യാപകമായ പ്രതിഷേധങ്ങളും നടന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ മറ്റ് നാല് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.






