കോയമ്പത്തൂർ: സിനിമയെ വെല്ലുന്ന രീതിയിൽ നടത്തിയ പൊലീസ് ചേസിങ്ങിനൊടുവിൽ ലഹരിക്കടത്ത് സംഘത്തെ കോയമ്പത്തൂർ പൊലീസ് പിടികൂടി. വിലാങ്കുറിച്ചിയിലാണ് സംഭവം. കാറിന് മുകളിൽ കയറി ഏകദേശം 40 കിലോമീറ്ററോളം പിന്തുടർന്ന ഹെഡ് കോൺസ്റ്റബിൾ വേൽമുരുകന്റെ സാഹസിക നീക്കമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
കർണാടകയിൽനിന്ന് കാറിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ കർണാടക രജിസ്ട്രേഷനിലുള്ള കാർ എത്തിയെങ്കിലും പൊലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ടുപോയി.
തുടർന്ന് എസ്.ഐയും ഹെഡ് കോൺസ്റ്റബിൾ വേൽമുരുകനും ബൈക്കിൽ കാർ പിന്തുടർന്നു. കാർ തടയുന്നതിനിടെ വേൽമുരുകൻ കാറിന്റെ മുകളിലേക്ക് കയറുകയായിരുന്നു. കാർ നിർത്താതെ പോയതോടെ അദ്ദേഹം വാഹനത്തിന് മുകളിൽ തന്നെ കിടന്ന് പിന്തുടർന്നു. ഏകദേശം 40 കിലോമീറ്ററോളം ദൂരം കാർ ഇതേ രീതിയിൽ സഞ്ചരിച്ചു.
ഇതിനിടെ എസ്.ഐ പൊലീസ് കൺട്രോൾ റൂമിലും ആംബുലൻസ് അധികൃതരെയും വിവരം അറിയിച്ചു. തുടർന്ന് കൂടുതൽ പൊലീസ് സംഘവും സ്ഥലത്തെത്തി. ഒടുവിൽ വേൽമുരുകനും മറ്റ് പൊലീസുകാരും ചേർന്ന് കാർ തടഞ്ഞുനിർത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ചേസിങ്ങിനിടെ ആംബുലൻസിൽനിന്ന് പകർത്തിയ വേൽമുരുകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി നിരവധി പേരെത്തി.
കാറിൽനിന്ന് ഏകദേശം 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യംചെയ്തുവരികയാണ്.












