തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കി മന്ത്രി കൂടിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് വീഡിയോ നീക്കിയതെന്നാണ് സൂചന. അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ പ്രതിഷേധത്തിൽ തെറ്റില്ലെന്നായിരുന്നു ഒ.ജെ. ജനീഷിന്റെ പ്രതികരണം.
വീഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കിയതിന് പിന്നാലെ ഒ.ജെ. ജനീഷിനെ പരിഹസിച്ച് എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ രംഗത്തെത്തി. ‘അകാലത്തിൽ പൊലിഞ്ഞ ഒ.ജെയുടെ പോസ്റ്റിന് ആദരാഞ്ജലികൾ’ എന്നായിരുന്നു പി.എം. ആർഷോയുടെ പരിഹാസം.
പ്രതിഷേധം കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിച്ചുവെന്നതായിരുന്നു മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണമെന്നാണ് വിവരം. എന്നാൽ പ്രതിഷേധത്തിൽ തെറ്റില്ലെന്ന നിലപാടിലായിരുന്നു യൂത്ത് കോൺഗ്രസ്. ഇതിനിടെ അധ്യക്ഷൻ തന്നെ പ്രതിഷേധത്തിന്റെ വീഡിയോ നീക്കിയത് സംഘടനയ്ക്കുള്ളിൽ ആശയക്കുഴപ്പത്തിന് വഴിവെച്ചതായും വിലയിരുത്തലുണ്ട്.
കൊല്ലത്താണ് അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളിൽ പങ്കെടുക്കാൻ അമിത് ഷാ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടി. സംഘടനാതലത്തിൽ എടുത്ത തീരുമാനമായിരുന്നു പ്രതിഷേധമെന്ന് ഒ.ജെ. ജനീഷ് നേരത്തെ പ്രതികരിച്ചിരുന്നു.













