മലപ്പുറം: മുൻവിരോധത്തെ തുടർന്ന് യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി സംഘം ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഈ മാസം 22ന് മൂക്കുതല കാവിൽപാടം കുളത്തിന് സമീപമാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ മൂക്കുതല സ്വദേശി വെണ്ണില വളപ്പിൽ അഫ്സലിന്റെ പരാതിയിലാണ് പൊലീസ് നടപടി.
മൂക്കുതല സ്വദേശികളായ ജിതിൻ (25), നിഹാൽ (18), മുഹമ്മദ് ഹാദിഫ് (19), രാഹുൽ (25) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മുൻവിരോധം തീർക്കുന്നതിനായി അഫ്സലിനെ വീട്ടിൽനിന്ന് വിളിച്ചുവരുത്തിയ ശേഷം അഞ്ചുപേരടങ്ങുന്ന സംഘം കാവിൽപാടം കുളത്തിന് സമീപം വെച്ച് മർദിച്ചെന്നാണ് പരാതി.
ആക്രമണത്തിൽ പരിക്കേറ്റ അഫ്സലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ചങ്ങരംകുളം എസ്.ഐ ജിതിൻ വാസ് അറിയിച്ചു.
ആക്രമണത്തിന് പിന്നിലെ കാരണവും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.














