നിഷിൻ (ജപ്പാൻ): കനത്ത മഴയെ തുടർന്ന് അഫ്ഗാനിസ്ഥാനെതിരായ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യ ഏഷ്യൻ ഗെയിംസ് 2026 പുരുഷ ക്രിക്കറ്റിന്റെ സെമി ഫൈനലിൽ. നിഷിനിലെ കൊറോഗി സ്പോർട്സ് പാർക്ക് ഗ്രൗണ്ടിൽ ടോസിന് 16 മിനിറ്റ് മാത്രം ശേഷിക്കെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
മത്സരം മഴമൂലം റദ്ദാക്കിയതിൽ അഫ്ഗാൻ താരം മുഹമ്മദ് അക്രം സസായ് നിരാശ പ്രകടിപ്പിച്ചു. 2023-ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിലും അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. അന്നും ഇന്ത്യക്ക് അനുകൂലമായാണ് ഫലം വന്നത്.
ടൂർണമെന്റ് നിയമപ്രകാരം നോക്കൗട്ട് മത്സരങ്ങൾ മഴയോ മോശം കാലാവസ്ഥയോ കാരണം ഉപേക്ഷിക്കേണ്ടി വന്നാൽ ഉയർന്ന സീഡിംഗുള്ള ടീം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. ഐസിസി ടി20 റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ടീമുകളുടെ സീഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനെക്കാൾ റാങ്കിംഗിൽ മുന്നിലുള്ള ഇന്ത്യക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചതോടെയാണ് സെമി ഫൈനൽ ഉറപ്പായത്.
നേപ്പാൾ-ശ്രീലങ്ക ക്വാർട്ടർ ഫൈനൽ വിജയികളെയാണ് ഇന്ത്യ രണ്ടാം സെമി ഫൈനലിൽ നേരിടുക. വ്യാഴാഴ്ച നിഷിനിലെ കൊറോഗി സ്പോർട്സ് പാർക്ക് ഗ്രൗണ്ടിലാണ് മത്സരം.
ഗ്രൂപ്പ് ഘട്ടം ഒഴിവാക്കി നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയ നാല് ടീമുകളിൽ ഒന്നാണ് ശ്രീലങ്ക. അതിനാൽ നേപ്പാളിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയാണെങ്കിൽ റാങ്കിംഗിൽ മുന്നിലുള്ള ശ്രീലങ്ക സെമിയിൽ ഇന്ത്യയുടെ എതിരാളികളാകും.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ശ്രീലങ്കയുടെ പ്രമുഖ താരങ്ങൾ കളിക്കുന്നതിനാൽ രണ്ടാം നിര ടീമിനെയാണ് ഏഷ്യൻ ഗെയിംസിനായി അയച്ചിരിക്കുന്നത്. സഹൻ അരച്ചിഗെയാണ് ടീമിന്റെ നായകൻ. നിരോഷൻ ഡിക്വെല്ല വിക്കറ്റ് കീപ്പറാണ്.
ശ്രീലങ്കൻ ടീം: അഷൻ ബണ്ഡാര, ലസിത് ക്രൂസ്പുള്ളെ, സിനെത് ജയവർധന, നിരോഷൻ ഡിക്വെല്ല, നുവനിഡു ഫെർണാണ്ടോ, സഹൻ അരച്ചിഗെ, ചാമിക കരുണാരത്നെ, ദുഷാൻ ഹേമന്ത, ബിനുര ഫെർണാണ്ടോ, വിജയകാന്ത് വിയാസ്കാന്ത്, നുവാൻ തുഷാര, തരിന്ദു രത്നായകെ, വനുജ സഹൻ, സോഹൻ ഡി ലിവേറ, ഗാരുക്ക സങ്കേത്.



