ഭോപാൽ: മധ്യപ്രദേശിലെ സമൂഹമാധ്യമ ഇൻഫ്ലുവൻസറും മോഡലുമായ നിധി തിവാരി (30)യെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 16 ലക്ഷത്തോളം ഫോളോവേഴ്സുള്ള നിധി 2024ൽ ‘മിസ് പ്രെറ്റി ഇന്ത്യ’ കിരീടം നേടിയിരുന്നു.
മോഡലിങ്ങിനും അഭിനയത്തിനും പിന്നാലെ സിനിമാ രംഗത്ത് കരിയർ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു നിധി. ശനിയാഴ്ച ഭൂസ മോഡിലുള്ള വീട്ടിലാണ് സംഭവം. ഫാനിൽ തൂങ്ങിയ നിലയിലാണ് നിധിയെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
മരണത്തിന് തൊട്ടുമുമ്പ് നിധി ഫോണിൽ ഒരാളുമായി സംസാരിച്ചിരുന്നതായി കുടുംബാംഗങ്ങൾ പൊലീസിന് മൊഴി നൽകി. ഫോൺ സംഭാഷണത്തിനിടെ തർക്കമുണ്ടായതായും തുടർന്ന് മുറി അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയതായുമാണ് വിവരം. ബന്ധുക്കൾ വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോൾ നിധിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നിധിയുടെ അവസാന ഫോൺകാൾ, കോൾ റെക്കോർഡുകൾ, ഡിജിറ്റൽ ഇടപാടുകൾ, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മരണത്തിന് തൊട്ടുമുമ്പ് നിധി വാട്ട്സ്ആപ്പിൽ പങ്കുവെച്ച വൈകാരികമായ സ്റ്റാറ്റസും പൊലീസ് പരിശോധിക്കുന്നുണ്ട്.
മരണകാരണം ഇപ്പോൾ വ്യക്തമായിട്ടില്ലെന്നും അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. മൊർവ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഡോ. ജ്ഞാനേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.












