തിരുവനന്തപുരം: തീരദേശ പാതയിൽ ടിപ്പറിന്റെ പിൻഭാഗം തട്ടി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മംഗലപുരം ഇടവിളാകം സ്വദേശി സാജു (58) ആണ് മരിച്ചത്. മരിയനാട് ഗ്രൗണ്ടിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. സാജു സഞ്ചരിച്ച സ്കൂട്ടർ ഇടതുവശത്തേക്ക് തിരിക്കുന്നതിനിടെ പെരുമാതുറ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറിന്റെ പിൻഭാഗം തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സാജു റോഡിലേക്ക് വീണു.
ഉടൻ പുത്തൻതോപ്പ് ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസവും കഠിനംകുളത്ത് സമാനമായ രീതിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവതി മരിച്ചിരുന്നു.












