മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ച്വറികളെന്ന റെക്കോർഡ് വിരാട് കോലിക്ക് മറികടക്കാനാകുമെന്ന് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 86-ാം അന്താരാഷ്ട്ര സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് രഹാനെയുടെ പ്രതികരണം.
റെക്കോർഡുകളെക്കുറിച്ചുള്ള സമ്മർദ്ദം കോലിയുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കാറുണ്ടെന്നാണ് രഹാനെ പറയുന്നത്. കോലി സ്വയം സമ്മർദ്ദം ഏറ്റെടുക്കുമ്പോഴാണ് പലപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് മാതൃകയായ സച്ചിന്റെ റെക്കോർഡിനെക്കുറിച്ച് കോലി ചിന്തിക്കുന്നുണ്ടാകാമെന്നും രഹാനെ പറഞ്ഞു.
ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ക്ബസിന് നൽകിയ അഭിമുഖത്തിലാണ് രഹാനെ ഇക്കാര്യം പറഞ്ഞത്. റെക്കോർഡുകളെയും നാഴികക്കല്ലുകളെയും കുറിച്ച് ചിന്തിക്കുന്നത് പലപ്പോഴും സ്വാർത്ഥതയായി വിലയിരുത്തപ്പെടാറുണ്ടെങ്കിലും, കോലിയെ സംബന്ധിച്ച് ഇത്തരം സമ്മർദ്ദങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദനമാകുന്നുവെന്നാണ് രഹാനെയുടെ വിലയിരുത്തൽ.
അതേസമയം, നേട്ടങ്ങളെയും റെക്കോർഡുകളെയും കുറിച്ച് താൻ എപ്പോഴും ചിന്തിക്കാറില്ലെന്ന് മത്സരശേഷം കോലി വ്യക്തമാക്കിയിരുന്നു. സാഹചര്യത്തിനനുസരിച്ച് ടീമിനായി മികച്ച പ്രകടനം നടത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും കളി ആസ്വദിക്കാനാണ് താൻ മുൻഗണന നൽകുന്നതെന്നും കോലി പറഞ്ഞു.
സച്ചിനോടും മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയോടുമുള്ള ആദരവും കോലി പങ്കുവച്ചു. സച്ചിൻ തനിക്ക് എക്കാലത്തും സച്ചിൻ തന്നെയാണെന്നും, തന്റെ ആദ്യ ക്യാപ്റ്റനായ ധോണിയും എക്കാലത്തും ധോണി തന്നെയായിരിക്കുമെന്നും കോലി വ്യക്തമാക്കി.
വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ വ്യക്തിയാണെന്ന ചിന്ത തനിക്കില്ലെന്നും മറ്റുള്ളവരേക്കാൾ മികച്ചവനാണെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നും കോലി പറഞ്ഞു. ക്രിക്കറ്റിനായി കഠിനാധ്വാനം ചെയ്യുകയും ശരിയായ കാര്യങ്ങൾ ചെയ്യുകയും ചെയ്യുക എന്നതാണ് എപ്പോഴും തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












