കോഴിക്കോട് : കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയാണ് (18) മരിച്ചത്. മൃതദേഹത്തിൽ സംശയാസ്പദമായ രീതിയിൽ മുറിവുകൾ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.
ഗുരുദേവ കോളേജ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ ചൊവ്വാഴ്ച രാത്രിയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് മാതാപിതാക്കൾ പോയ സമയത്തായിരുന്നു സംഭവം. ഉത്സവത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കളാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയിൽ ശ്രീനന്ദയുടെ നെറ്റിയിലും താടിയിലുമായി മൂന്ന് സെന്റിമീറ്ററോളം ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിലാണ് ദുരൂഹത നിലനിൽക്കുന്നത്. വീടിനുള്ളിൽ എന്തെങ്കിലും തരത്തിലുള്ള പിടിവലിയോ ആക്രമണമോ നടന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണകാരണത്തിൽ വ്യക്തത വരുത്തുന്നതിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിലെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഉത്സവ സീസണിൽ നടന്ന ഈ ദാരുണ സംഭവം പ്രദേശവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.









