ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ വലിയ വർധനവ്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് ഉയർത്തിയത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇത് മൂന്നാമത്തെ വിലവർധനയാണ്. എന്നാൽ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
പുതിയ നിരക്കുകൾ പ്രകാരം കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3085 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117 രൂപയുമായി. ദില്ലിയിൽ 3071.50 രൂപയും മുംബൈയിൽ 3024 രൂപയുമാണ് പുതിയ വില. തുടർച്ചയായ വിലവർധന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നു. പ്രവർത്തനച്ചെലവ് വർധിക്കുന്നതോടെ വിലക്കയറ്റ സാധ്യതയും നിലനിൽക്കുന്നു.
അതേസമയം പെട്രോൾ, ഡീസൽ വിലയിൽ നിലവിൽ മാറ്റമില്ല. പ്രീമിയം പെട്രോൾക്കും അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള ഇന്ധനത്തിനും ആഗോള വിപണി അനുസരിച്ച് വില ക്രമീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആവശ്യത്തിന് ക്രൂഡ് ഓയിൽ സ്റ്റോക്ക് ഉണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.
ഇതിനിടെ മെയ് 1 മുതൽ ഗാർഹിക പാചകവാതക ബുക്കിംഗിൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. നഗരങ്ങളിൽ ഇനി 25 ദിവസത്തിലൊരിക്കൽ മാത്രമേ സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയൂ (മുൻപ് 21 ദിവസം). ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമാണ്. നിശ്ചിത സമയപരിധിക്ക് മുമ്പുള്ള ബുക്കിംഗുകൾ സിസ്റ്റം സ്വയം തടയും. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ ചേർന്നാണ് തീരുമാനം എടുത്തത്.
ഗ്യാസ് വിതരണത്തിൽ സുതാര്യത ഉറപ്പാക്കാൻ ഡെലിവറി ഓതന്റിക്കേഷൻ കോഡ് സംവിധാനം കൂടി ശക്തമാക്കി. സിലിണ്ടർ കൈപ്പറ്റുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകേണ്ടതുണ്ട്. ഫിസിക്കൽ ബുക്കോ രസീതോ മാത്രം കാണിച്ച് ഇനി സിലിണ്ടർ വാങ്ങാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.




