തിരുവനന്തപുരം: തിരുവനന്തപുരം ഈഞ്ചക്കലിൽ ആംബുലൻസിൽ നിന്ന് ഇറങ്ങി ഓടിയ രോഗിയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി രവീന്ദ്രനാണ് മരിച്ചത്. പേവിഷബാധയാണെന്ന സംശയത്തിലാണ് പരിശോധന നടക്കുന്നത്.
വെളുപ്പിന് നാലരയോടെ നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് 108 ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ഈഞ്ചക്കൽ ഭാഗത്തെത്തിയപ്പോൾ രോഗി അത്യന്തം അക്രമാസക്തനായി ആംബുലൻസിന്റെ ചില്ലുകൾ തകർത്ത ശേഷം പുറത്തേക്ക് ചാടിയോടുകയായിരുന്നു. ജീവനക്കാരും നാട്ടുകാരും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പിന്നീട് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ഓടയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. നായ്ക്കൾക്ക് ഭക്ഷണം നൽകുന്നയാളായിരുന്ന രവീന്ദ്രന്, നായ്ക്കളുടെ കടിയോ പോറലോ വഴിയാണ് പേവിഷബാധ ഉണ്ടായതാകാമെന്നാണ് പ്രാഥമിക സംശയം.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.




