അഗർത്തല: ഉനകോടി ജില്ലയിൽ നടന്ന വ്യാപാരമേളയ്ക്കിടെ ഉണ്ടായ സംഘർഷം രണ്ട് സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി വീടുകൾക്ക് തീവച്ചതായും റിപ്പോർട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനായി സംസ്ഥാന സർക്കാർ വലിയ തോതിൽ സുരക്ഷാസേനയെ വിന്യസിക്കുകയും മൊബൈൽ ഇൻറർനെറ്റ് സേവനം താൽക്കാലികമായി നിരോധിക്കുകയും ചെയ്തു.
സംഘർഷവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേന്ദ്രസേന പ്രദേശത്ത് ഫ്ലാഗ് മാർച്ച് നടത്തി. നിലവിൽ മേഖലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് വ്യക്തമാക്കി.സൈദാർപൂർ ഗ്രാമത്തിൽ നടന്ന വ്യാപാരമേളയിൽ പങ്കാളിത്തം ആവശ്യപ്പെട്ട് ഒരു വിഭാഗം വാഹനങ്ങൾ തടഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇതിനെതിരെ മറ്റൊരു വിഭാഗം രംഗത്തെത്തിയതോടെ ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടാകുകയും അത് പിന്നീട് സാമുദായിക സംഘർഷത്തിലേക്ക് വഴിമാറുകയുമായിരുന്നു.



