കോട്ടയ: കൊല്ലം – തേനി ദേശീയപാതയും ചങ്ങനാശ്ശേരി-വാഴൂർ റോഡും ചേരുന്ന പ്രധാന ജങ്ഷനായ പുളിക്കൽകവലയിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നു. ഇവിടെ മൂന്ന് ബസ്‌സ്റ്റോപ്പുകളാണ് ഉള്ളത്. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് വേണ്ടി ഡിവൈഎഫ്‌ഐ നിർമിച്ച ഒരു ചെറിയ കാത്തിരിപ്പുകേന്ദ്രം മാത്രമാണ് ഇവിടെ ഉള്ളത്. ഇവിടെ കഷ്ടിച്ച് നാല് പേർക്ക് മാത്രമേ ഇതിൽ ഇരിക്കാൻ കഴിയു
ഈ സമയം മറ്റ് യാത്രക്കാർ വെയിലത്തും മഴയത്തും മരച്ചുവട്ടിലും കടത്തിണ്ണകളിലുമാണ് ബസ് കാത്തുനിൽക്കുന്നത്. രാവിലെയും വൈകീട്ടും ഇവിടെ യാത്രക്കാരുടെ തിരക്കാണ്. കോട്ടയം ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ കവലയ്ക്ക് സമീപം റോഡരികിലും കടത്തിണ്ണകളിലുമാണ് കൂട്ടം കൂടി ബസ് കാത്തുനിൽക്കുന്നത്. പൊൻകുന്നം ഭാഗത്തേക്ക് പോകുന്നവർ സമീപത്തെ മരച്ചുവട്ടിലും.
എപ്പോളും തിരക്കേറിയ കവലയിൽ കാത്തിരിപ്പുകേന്ദ്രം നിർമിക്കണമെന്ന് പലവട്ടം അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പൊൻകുന്നം ഭാഗത്തേക്ക് പോകുന്ന ബസുകൾ കൊടുംവളവിന് സമീപമാണ് നിർത്തി ആളെയിറക്കുന്നത്. ഇവിടെ തന്നെയാണ് യാത്രക്കാരും ബസ് കാത്തുനിൽക്കുന്നത്. അപകടസാധ്യതയേറിയ കവലയിൽ റോഡ് മുറിച്ചുകടക്കാനും പ്രയാസമാണ്.






