മലപ്പുറം: എടപ്പാൾ സ്വദേശിനിയായ യുവതി അടിയന്തര ചികിത്സ തേടി എത്തിയപ്പോൾ ഡോക്ടർ മോശമായി പെരുമാറിയെന്നും ചികിത്സ നൽകാൻ തയ്യാറായില്ലെന്നും പരാതി. പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് യുവതി ഷഹല ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ മാസം പാമ്പുകടിയേറ്റ ഷഹല മലങ്കര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷവും രക്തം ഛർദ്ദിക്കുന്ന പ്രശ്നം തുടരുകയായിരുന്നു. തുടർന്ന് എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയപ്പോൾ, കൂടുതൽ പരിശോധനയ്ക്കായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് പോകാൻ നിർദേശം ലഭിച്ചു.
ഇതനുസരിച്ച് പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നും ഡോക്ടർ മോശമായി പെരുമാറിയെന്നും ഷഹല ആരോപിച്ചു. പിന്നീട് പൊലീസിന്റെ ഇടപെടലിനെ തുടർന്ന് യുവതിക്ക് ചികിത്സ നൽകുകയായിരുന്നു.
അതേസമയം, ആശുപത്രിയിൽ ഫിസിഷ്യൻ ഡോക്ടർ ഇല്ലാതിരുന്നതിനാലാണ് ഉടൻ ചികിത്സ നൽകാൻ സാധിക്കാതിരുന്നതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയും കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.






