തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്തതായി പരാതി. സെര്‍വര്‍ ഡേറ്റാ ബേസ് ഹാക്ക് ചെയ്തുവെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. രണ്ട് മാസങ്ങള്‍ മുന്‍പ് ജൂണ്‍ 13ാം തിയതിയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നാണ് എഫ് ഐ ആര്‍ രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. ക്ഷേത്രത്തിലെ കപ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തന രഹിതമാക്കണമെന്ന ഉദ്ദേശത്തോടെ സെര്‍വസര്‍ സിസ്റ്റം ഹാക്ക് ചെയ്തുവെന്നും കംപ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന ഡാറ്റകള്‍ക്കും മാറ്റം വരുത്തിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഭരണ സമിതിയിലെ ചില ആളുകളും ജീവനക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ഭാഗമായാണ് ഹാക്കിങ്ങെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സിസ്റ്റം കൈകാര്യം ചെയ്യുന്ന ജീവനക്കാരനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി പകരം പുതിയ ആളെ നിയമിച്ചിരുന്നു. ഇതിന് ശേഷമാണ് പൂജകളുമായി ബന്ധപ്പെട്ട പണമിടപാടുകളും അതുമായി ബന്ധപ്പെട്ട ബാങ്ക് വിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കണ്ടെത്തിയതെന്നും പറയപ്പെടുന്നു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.






