കൊൽക്കത്ത: പശ്ചിമബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ക്രമക്കേടുകളുണ്ടായതായി ആരോപണം ഉയർന്നു. മുൻപ് തന്നെ വിവാദങ്ങളിലായ ഫാൾട്ട നിയോജകമണ്ഡലത്തിലാണ് വോട്ടെടുപ്പ് ദിവസവും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചില ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങളിൽ ബിജെപി ചിഹ്നത്തിന് നേരെയുള്ള ബട്ടൺ അമർത്താൻ കഴിയാത്തവിധം ടേപ്പ് ഒട്ടിച്ചുവെച്ചതായാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ ബിജെപി നേതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ചില ചിത്രങ്ങളിൽ ബിജെപി, സിപിഎം സ്ഥാനാർഥികളുടെ ബട്ടണുകൾ മറച്ച നിലയിലാണ് കാണുന്നത്.
തൃണമൂൽ പ്രവർത്തകർ യന്ത്രത്തിൽ ഇടപെട്ടെന്നാണ് ബിജെപി സ്ഥാനാർഥി ദേബാങ്ഷു പാണ്ഡയുടെ ആരോപണം. ഇതുമൂലം ബിജെപിക്ക് വോട്ട് രേഖപ്പെടുത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ക്രമക്കേട് തെളിഞ്ഞാൽ ബന്ധപ്പെട്ട ബൂത്തുകളിൽ റീപോളിങ് നടത്തുമെന്നും അറിയിച്ചു.
മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർഥി ജഹാംഗീർ ഖാൻ, ബിജെപി സ്ഥാനാർഥി ദേബാങ്ഷു പാണ്ഡ, ഇടതുമുന്നണി സ്ഥാനാർഥി ശംഭു കുർമി, കോൺഗ്രസ് സ്ഥാനാർഥി അബ്ദുർ റജക്ക് മൊല്ല എന്നിവരാണ് മത്സരിക്കുന്നത്. ഇതിനുമുമ്പ് തൃണമൂൽ സ്ഥാനാർഥിയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും തമ്മിലുണ്ടായ തർക്കവും മണ്ഡലത്തെ വിവാദത്തിലാക്കിയിരുന്നു.






