തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഞായറാഴ്ച (മേയ് 3) വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. ജനലുകളും വാതിലുകളും അടച്ചിടുകയും, വൈദ്യുതോപകരണങ്ങൾ ഒഴിവാക്കുകയും വേണം.
ഇടിമിന്നൽ സമയത്ത് ടെലഫോൺ ഉപയോഗം ഒഴിവാക്കണം. മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. ബൈക്ക്, സൈക്കിൾ തുടങ്ങിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും ഒഴിവാക്കണം. കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി കെട്ടിവെക്കണം. ജലാശയങ്ങളിൽ ഇറങ്ങുന്നതും മത്സ്യബന്ധനവും ഈ സമയത്ത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. മിന്നലേറ്റാൽ ഉടൻ പ്രഥമ ശുശ്രൂഷ നൽകി വൈദ്യസഹായം ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.




