കൊല്ലം: കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റീൽസ് കണ്ട ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. കൊട്ടാരക്കര–കൊല്ലം റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ഡ്രൈവർ അഭിജിത്തിനെയാണ് എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ആർടിഒ എ.കെ. ദിലു നിർദേശം നൽകി. ഈ മാസം 18-ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം നടന്നത്.
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോണിൽ റീൽസ് കാണുന്ന ദൃശ്യങ്ങൾ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പകർത്തി മാധ്യമങ്ങൾക്ക് കൈമാറുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിലുള്ള ഡ്രൈവറുടെ പെരുമാറ്റം പുറത്തുവന്നതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടത്.
ലഭിച്ച ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് ഡ്രൈവറോട് വിശദീകരണം തേടാൻ തീരുമാനിച്ചത്. ഇന്ന് നടക്കുന്ന ഹിയറിംഗിന് ശേഷം കുറ്റം തെളിയുകയാണെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.





