ഇടുക്കി: മൂന്നാറിൽ സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗൽ സ്വദേശിയായ സന്തോഷും ഇയാളോടൊപ്പമുണ്ടായിരുന്ന 17-കാരനുമാണ് പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ തന്ത്രപൂർവം കുട്ടികളെ മൂന്നാറിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സോഷ്യൽ മീഡിയ വഴിയാണ് പ്രതികൾ വിദ്യാർഥിനിയുമായി പരിചയപ്പെട്ടത്. ജൂൺ 15-ന് മൂന്നാറിൽ നേരിൽ കാണാമെന്ന് ഇവർ തമ്മിൽ ധാരണയായതായി പോലീസ് അറിയിച്ചു. തനിക്കൊപ്പം ഒരു സുഹൃത്തും ഉണ്ടാകുമെന്ന് പറഞ്ഞ പ്രതി, വിദ്യാർഥിനിയോട് മറ്റൊരു സുഹൃത്തിനെ കൂടി കൂട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മൂന്നാർ ടൗണിലെത്തിയ പെൺകുട്ടികളെ പ്രതികൾ സമീപത്തെ ഒരു റിസോർട്ടിലേക്ക് കൊണ്ടുപോയി.
മൂന്നാർ ടൗണിന് സമീപമുള്ള റിസോർട്ടിൽ രണ്ട് ദിവസത്തോളം പെൺകുട്ടികളെ താമസിപ്പിച്ച പ്രതികൾ ഈ കാലയളവിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി. തുടർച്ചയായി രണ്ട് ദിവസം വിദ്യാർഥിനികൾ സ്കൂളിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കുട്ടികൾ നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതോടെ സ്കൂൾ അധികൃതർ ഉടൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ പ്രതികൾ കേരളം വിട്ട് തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരെയും പ്രത്യേക പോലീസ് സംഘം തമിഴ്നാട്ടിൽ നിന്ന് പിടികൂടി.
പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും അധികൃതർ വ്യക്തമാക്കി.






