കോഴിക്കോട്: കൊയിലാണ്ടിയിൽ മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് സ്വദേശിനി സുധ (56) യാണ് മരിച്ചത്. പൊയിൽക്കാവ് ബീച്ചിന് സമീപത്തെ നാലുസെന്റ് കോളനിയിലുള്ള വീടിനോട് ചേർന്ന ഷെഡ്ഡിലാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഇൻക്വസ്റ്റ് നടപടികൾക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു വാക്കത്തിയും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ ഭർത്താവ് കൃഷ്ണൻകുട്ടിക്കെതിരെ സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഇയാളെ കാണാതായതോടെ അന്വേഷണം ആ ദിശയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ദമ്പതികൾക്കിടയിൽ സ്ഥിരമായി കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവസ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തി വരികയാണ്.
തുടർ അന്വേഷണത്തിനായി വിരലടയാള വിദഗ്ധർ, ശാസ്ത്രീയ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥർ, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഒളിവിലുള്ള കൃഷ്ണൻകുട്ടിക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.





