ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ ജന്തർ മന്തറിലെ സമരം അവസാനിപ്പിക്കില്ലെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. പ്രതിഷേധത്തിന് ആവശ്യമായ സുരക്ഷയും സഹകരണവും പോലീസ് ഉറപ്പാക്കിയിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ പുതിയ രീതിയിലുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് ഇന്ന് ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വയോജനങ്ങൾ ഉൾപ്പെടെ നിരവധി പേർ ജന്തർ മന്തറിലെത്തി.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡൽഹി പോലീസിന് പുറമെ ആർപിഎഫും സിആർപിഎഫും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടിയിൽ എസ്എഫ്ഐയെ പ്രതിനിധീകരിച്ച് മുൻ വിദ്യാർത്ഥി നേതാവ് ഐഷി ഘോഷ് പങ്കെടുത്തു. പാത്രം കൊട്ടിയുള്ള പ്രതിഷേധത്തിലൂടെയാണ് അവർ സമരത്തിന് പിന്തുണ അറിയിച്ചത്. വിവിധ വിദ്യാർത്ഥി-യുവജന സംഘടനകളുടെ നേതാക്കളും പ്രതിഷേധ വേദിയിലെത്തി.
സിജെപി പ്രതിഷേധം ഉടൻ കേരളത്തിലേക്കും വ്യാപിപ്പിക്കുമെന്ന് സംഘടനാ വക്താവ് അശുതോഷ് രംഗ അറിയിച്ചു.





