സൂറിച്ച്: ഫിഫ ലോകകപ്പ് കിക്കോഫിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഫുട്ബോൾ ഗ്രൗണ്ടിൽ പുതിയ നിയമ മാറ്റങ്ങളുമായി ഫിഫ. ഗ്രൗണ്ടിലെ അച്ചടക്കമില്ലായ്മയ്ക്കും വംശീയ അധിക്ഷേപങ്ങൾക്കുമെതിരെയാണ് പുതിയ പരിഷ്‌കാരങ്ങൾ. മൈതാനത്ത് തർക്കങ്ങൾക്കിടെ വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന കളിക്കാർക്ക് ഇനി നേരിട്ട് ചുവപ്പ് കാർഡ് നൽകാൻ റഫറിമാർക്ക് അധികാരമുണ്ടാകും. ലിപ് റീഡിംഗിലൂടെയോ വാർ പരിശോധനയിലൂടെയോ കണ്ടെത്താനാവാത്ത രീതിയിലുള്ള വംശീയ അധിക്ഷേപങ്ങളും തെറിവിളികളും നടത്തുന്നത് തടയാനാണ് ഇത്തരത്തിലുള്ള നടപടി. ഈ വർഷം റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നേരെയുണ്ടായ വംശീയ അധിക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റം.
ലോകകപ്പിലെ ടീമുകളുടെ എണ്ണം 48 ആയി വർധിപ്പിച്ച സാഹചര്യത്തിൽ, മഞ്ഞക്കാർഡ് നിയമത്തിൽ ഫിഫ ഇളവ് നൽകിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാലുടൻ നിലവിലുള്ള മഞ്ഞക്കാർഡുകൾ റദ്ദാക്കും. തുടർന്ന് ക്വാർട്ടർ ഫൈനൽ കഴിഞ്ഞാലും മഞ്ഞക്കാർഡുകൾ ഒഴിവാക്കപ്പെടും. ഇതോടെ സെമി ഫൈനലിൽ ഒരു മഞ്ഞക്കാർഡ് ലഭിക്കുന്ന താരം ഫൈനലിൽ പുറത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാകും. സസബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്ന താരം 10 സെക്കൻഡിനുള്ളിൽ ഗ്രൗണ്ട് വിടണം. ഇത് ലംഘിച്ചാൽ ആ ടീം ഒരു മിനിറ്റ് സമയം 10 പേരുമായി കളിക്കേണ്ടി വരും. ത്രോ-ഇന്നുകൾക്കും ഗോൾ കിക്കുകൾക്കും ഇനി വിഷ്വൽ കൗണ്ട് ഡൗൺ ഏർപ്പെടുത്തും. അടിമുടി മാറ്റങ്ങളുമായാണ് ഇക്കൊല്ലം ഫിഫ.




