പാലക്കാട്: വടക്കഞ്ചേരി കിഴക്കഞ്ചേരി പഞ്ചായത്തിൽ കായികം, കാർഷികം, ടൂറിസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളെ കോർത്തിണക്കിയുള്ള സമഗ്ര വികസന പദ്ധതികൾ നടപ്പിലാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരനാണ് പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസനരേഖ അവതരിപ്പിച്ചത്.
കായിക മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ട് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കളിസ്ഥലങ്ങൾ യാഥാർത്ഥ്യമാക്കും. യുവതീയുവാക്കൾക്ക് കായിക പരിശീലനത്തിനായി പഞ്ചായത്ത് സ്റ്റേഡിയം നിർമ്മിക്കുന്നതിനൊപ്പം പ്ലാച്ചിക്കുളം ജി.എൽ.പി സ്കൂളിൽ ടർഫ് നിർമ്മാണവും പൂർത്തിയാക്കും.
മലയോര മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പാലക്കുഴി, കുഞ്ചിയാർപതി പ്രദേശങ്ങളിൽ ഇക്കോ ടൂറിസം പദ്ധതികൾ വിപുലീകരിക്കും. കാർഷിക മേഖലയുടെ ഉന്നമനത്തിനായി മണ്ണ് പരിശോധനാ ലാബ്, കർഷകർക്കായി വിപണന കേന്ദ്രം എന്നിവയും ആരംഭിക്കും. ആരോഗ്യരംഗത്ത് അർബുദ നിർണയ ക്യാമ്പുകൾ സംഘടിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കുണ്ടുകാട് ബഡ്സ് സ്കൂളിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടവും, സ്വന്തമായി കെട്ടിടമില്ലാത്ത മുഴുവൻ അങ്കണവാടികൾക്കും പുതിയ കെട്ടിടങ്ങളും നിർമ്മിച്ചു നൽകും. ഭവനരഹിതരായ എല്ലാവർക്കും വീട് നൽകാനുള്ള നടപടികൾ സ്വീകരിക്കും. മാലിന്യ നിക്ഷേപം തടയാൻ പ്രധാന കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും, വന്യമൃഗശല്യം തടയാൻ വനംവകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഉടൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക.






