തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്തിൽ വീണ്ടും കോൺഗ്രസ്–ബിജെപി സഖ്യം. മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. കോൺഗ്രസ് സ്ഥാനാർഥിയായ മിനിമോൾ നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു.
24 അംഗങ്ങളുള്ള പഞ്ചായത്തിലെ കക്ഷിനില ഇങ്ങനെ: എൽഡിഎഫ് – 10, യുഡിഎഫ് – 8, എൻഡിഎ – 4, വിമതർ – 2. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ട് കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നു. രണ്ട് വിമതരിൽ ഒരാൾ എൽഡിഎഫിനെ പിന്തുണച്ചു. ബിജെപി അംഗങ്ങൾ മിനിമോളിന് വോട്ട് ചെയ്തതോടെ എൽഡിഎഫിനും കോൺഗ്രസിനും 11 വീതം വോട്ടുകൾ ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിലാണ് മിനിമോൾ വിജയിച്ചത്.
ഇതിന് മുമ്പ് ബിജെപിയുടെ പിന്തുണയോടെ വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട നൂർജഹാൻ നവാസ് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരം സ്ഥാനം രാജിവെച്ചിരുന്നു. നിലവിൽ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി എൽഡിഎഫാണ്. എൽഡിഎഫിന് 11 സീറ്റുകളും കോൺഗ്രസിന് 8 സീറ്റുകളും ബിജെപിക്ക് 4 സീറ്റുകളും ഉണ്ട്. രണ്ട് സ്വതന്ത്ര അംഗങ്ങൾ കോൺഗ്രസ് വിമതരായി വിജയിച്ചിരുന്നു.






