സംസ്ഥാനത്ത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണ്. ജവഹർലാൽ നെഹ്റുവിന് ശേഷം പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചവരിൽ നെഹ്റുവിൻ്റെ വസതിയിലുണ്ടായിരുന്ന ക്യാബിനറ്റ് മന്ത്രി ടിടി കെ കൃഷ്ണമാചാരിയുമുണ്ടായിരുന്നു. ഇടക്കാല പ്രധാനമന്ത്രിയുടെ ചുമതലയെങ്കിലും തന്നെ തേടിയെത്തുമെന്ന ടിടികെ യുടെ വിശ്വാസത്തെ തകർത്തത് അന്നത്തെ കോൺഗ്രസ്സ് അധ്യക്ഷനായിരുന്ന കാമരാജിൻ്റെ തന്ത്രങ്ങളായിരുന്നു. അന്ന് ദേശീയ തലത്തിലുണ്ടായ ആ അസാധരണമായ പുകച്ചിൽ സംസ്ഥാന കോൺഗ്രസ്സിലും ഏതാണ്ട് പടർന്ന് തുടങ്ങിയിട്ടുണ്ട്. സർക്കാരിനെതിരെ വലിയതോതിലുള്ള പ്രതിഷേധങ്ങൾ നിലനിൽക്കുമ്പോഴും അതിനെ ഭരണ മാറ്റത്തിലേക്ക് നയിക്കുന്നതിനുള്ള സംവിധാനം യുഡിഎഫിന് ഉണ്ടോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യുഡിഎഫിനുള്ളിലെ പ്രധാന പാർട്ടിയായ കോൺഗ്രസിനുള്ളിലെ വിഭാഗീയ പ്രവർത്തനങ്ങളും സംഘർഷങ്ങളുമാണ് എല്ലാവരിലും അത്തരമൊരു ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
കോൺഗ്രസിനുള്ളിൽ തർക്കങ്ങളും പൊട്ടിത്തെറികളും എല്ലാ കാലഘട്ടങ്ങളിലും ഉണ്ടായിരുന്നു. എന്നിരുന്നാലും അന്നൊക്കെ കോൺഗ്രസിന് അധികാരത്തിൽ എത്തുന്നതിന് അതൊന്നും തടസ്സമായിരുന്നില്ല. നേതാക്കൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ പാർട്ടിയെ ജനങ്ങൾ ഏറ്റെടുക്കുകയും അധികാരത്തിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ ആൾക്കൂട്ടത്തിന്റെ പിന്തുണ കോൺഗ്രസിന് ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് ആൾക്കൂട്ടങ്ങൾ എവിടെയും ഇല്ലെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുമ്പോൾ പണിയെടുക്കാതെ കോൺഗ്രസ് വിജയിക്കുകയെന്നത് എളുപ്പമല്ല. കൂട്ടത്തിൽ ആരാണ് മികച്ചത്, ആരാകും മുഖ്യമന്ത്രിയാകുക തുടങ്ങിയ തർക്കങ്ങളാണ് കോൺഗ്രസിനുള്ളിൽ ഇന്നുള്ളത്.
മുഖ്യമന്ത്രി ആകുവാൻ രമേശ് ചെന്നിത്തലയും വി ഡി സതീശനും കുപ്പായം തയ്ച്ചു നിൽക്കുകയാണ്. സർക്കാരിനെതിരായ ജനവികാരം വളർത്തി വലുതാക്കുന്നതിലും ചർച്ചയ്ക്ക് വയ്ക്കുന്നതിലും പ്രതിപക്ഷം പാളിപ്പോകുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ യുഡിഎഫ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലും വലിയതോതിലുള്ള തർക്കങ്ങൾ ആയിരുന്നു ഉടലെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുനേരെ യോഗത്തില്‍ കടുത്ത വിമര്‍ശമുണ്ടായി. പ്രതിപക്ഷ നേതാവ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നായിരുന്നു നേതാക്കളുടെ വിമര്‍ശനം.




