കർണാടക: 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വിജയം കരസ്ഥമാക്കി അധികാരത്തിൽ വന്നത് കോൺഗ്രസായിരുന്നു. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുക സ്ഥിരതയുള്ള ഭരണകൂടം സ്ഥാപിക്കുക തുടങ്ങിയ ഉത്തരവാദിത്വത്തോടെയായിരുന്നു പാർട്ടി നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. പാർട്ടിയിലെ ശക്തനായ മറ്റൊരു നേതാവായ ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി, കൂടാതെ പി.സി.സി അധ്യക്ഷന്റെ ചുമതലയും ഏറ്റെടുത്തു. അധികാരം കൈമാറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ, രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രിപദം ശിവകുമാറിന് ലഭിക്കുമെന്നൊരു ധാരണയുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
സർക്കാർ നവംബറിൽ രണ്ടര വർഷം പിന്നിടാനിരിക്കെ ഈ വിഷയം വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. ശിവകുമാറിന്റെ ബന്ധുവും എം.എൽ.എ യുമായ എച്ച്. രംഗനാഥും, മുൻ എം.പി എൽ ആർ. ശിവരാമ ഗൗഡയും നടത്തിയ പ്രസ്താവനകളിലാണ് വീണ്ടും വിവാദങ്ങൾ ഉയർത്തിയത്. ‘ശിവകുമാർ മുഖ്യമന്ത്രിയാകും’ എന്ന നിലപാട് അവർ തുറന്നു പറഞ്ഞപ്പോൾ, പാർട്ടി അച്ചടക്കസമിതി ഇടപെട്ട് ഇരുവരെയും താക്കീത് നൽക്കുകയായിരുന്നു. പാർട്ടിയുടെ പൊതുചട്ടങ്ങളും ഏകോപനവും നിലനിർത്താനായിരുന്നു ഈ നടപടി.
അതേസമയം, താൻ അഞ്ച് വർഷം മുഴുവൻ മുഖ്യമന്ത്രിയായിരിക്കും എന്ന് സിദ്ധരാമയ്യ വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട് . കൂടാതെ, നേതൃമാറ്റത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് എ.ഐ.സി.സിആണെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.കെ. ശിവകുമാറും ഇതേ നിലപാടാണ് ആവർത്തിക്കുന്നത് “പാർട്ടി നേതൃത്വം തീരുമാനിക്കുന്നതിനാണ് താൻ വിധേയൻ” എന്നാണ് അദ്ദേഹാം വ്യക്തമാക്കിയത് .
ഈ വിള്ളൽ മുതലെടുക്കാൻ പ്രതിപക്ഷ കക്ഷികൾ തീവ്രമായ ശ്രമമാണ് നടത്തുന്നത്. ബിജെപിയും ജനതാദളും (എസ്) കോൺഗ്രസിലെ ആഭ്യന്തര വിരോധങ്ങൾ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. ഡിസംബറോടെ സംസ്ഥാനത്തിന് പുതിയ മുഖ്യമന്ത്രിയെ ലഭിക്കുമെന്ന തരത്തിൽ പ്രതികരണങ്ങളും പ്രതിപക്ഷം നടത്തുന്നു. എന്നാൽ, നേതൃത്വത്തിൽ യാതൊരു മാറ്റവുമില്ലെന്നും, ജനങ്ങൾക്ക് സ്ഥിരതയാണ് നൽകേണ്ടതെന്നും രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടെങ്കിലും കോൺഗ്രസ് നേതൃത്വം വലിയൊരു സന്ദേശം നൽകിയിരിക്കുകയാണ്.
കർണാടക കോൺഗ്രസ്സിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ ഒത്തൊരുമ തന്നെയാണ്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള കൂട്ടുകെട്ടാണ് 2023ലെ തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയത്. ഒരാൾ രാഷ്ട്രീയ അനുഭവങ്ങളും ജനപ്രീതിയും കൊണ്ടു ശക്തനായപ്പോൾ, മറ്റൊരാൾ സംഘാടനശേഷിയും പാർട്ടിയുടെ അടിത്തറ ഉറപ്പിക്കുന്ന കഴിവും കൊണ്ടാണ് കരുത്ത് തെളിയിച്ചത്. ഇവരുടെ കൂട്ടായ പ്രവർത്തനമാണ് ബിജെപിയെ ശക്തമായി തോൽപ്പിച്ച് കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചത്.
ചെറിയ പ്രസ്താവനകൾ വലിയ വിവാദങ്ങളാകുമ്പോൾ, ജനങ്ങളിലേക്ക് തെറ്റായ സന്ദേശം പോകാതിരിക്കാൻ പാർട്ടി നേതൃത്വം കാര്യക്ഷമമായി ഇടപെടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ശിവകുമാറിന്റെ അനുകൂലികൾക്കും നേതാക്കൾക്കും നൽകുന്ന താക്കീതുകൾ, പാർട്ടിയുടെ ശക്തമായ സംഘടനാ പ്രവർത്തനത്തിന്റെ തെളിവാണ്. എ.ഐ.സി.സി നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്, “സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരണം” എന്നതാണ്. തുടക്കത്തിൽ ഉണ്ടായിരുന്ന ‘രണ്ടര വർഷത്തിനു ശേഷം മാറ്റം’ എന്ന ധാരണ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് മാറി കഴിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തും പാർട്ടിയിലും സ്ഥിരത ഉറപ്പാക്കേണ്ടത് മുൻഗണനയായതിനാൽ, ഇപ്പോൾ നേതൃമാറ്റത്തെക്കുറിച്ച് സംസാരിക്കുന്ന കഴിയുന്ന ഒരു സാഹചര്യമല്ല നിലവിലുള്ളത്.
ജനങ്ങളോടുള്ള വാഗ്ദാനങ്ങൾ പാലിക്കുന്നതിലും ക്ഷേമനടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നേതൃവ്യതയാസങ്ങൾക്ക് ഒന്നിച്ചു പ്രവർത്തിക്കാനുള്ള ബാധ്യത കൂടുതലാണെന്ന് കോൺഗ്രസ്സ് വ്യക്തമാക്കുന്നു. ‘ജനപ്രീതി’ പദ്ധതി, സൗജന്യ വൈദ്യുതി വിതരണം, സ്ത്രീകൾക്കുള്ള സഹായ പദ്ധതികൾ തുടങ്ങി സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ജനങ്ങളിൽ വലിയ സ്വീകാര്യത നേടിയിരിക്കുകയാണ്. ഇത്തരം ജനകീയ തീരുമാനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ സർക്കാരിന് തുടർച്ചയും ഏകോപനപരവുമായ ഭരണം ആവിശ്യമാണ്.
കർണാടക കോൺഗ്രസ്സിന്റെ ശക്തമായ ഐക്യം തന്നെയാണ് പ്രതിപക്ഷത്തെ വെല്ലുവിളിക്കാൻ കഴിയുന്ന ഏക ആയുധം. ബിജെപി പോലുള്ള പാർട്ടികൾ ആഭ്യന്തര വിരോധങ്ങൾ ചൂണ്ടിക്കാണിച്ച് പ്രചാരണം നടത്തുന്നുണ്ടെങ്കിലും, കോൺഗ്രസ്സ് നേതൃത്വത്തിന്റെ വ്യക്തമായ നിലപാടുകൾ അത് വെറും അഭ്യൂഹങ്ങളാക്കുകയാണ്. കർണാടക കോൺഗ്രസ്സ് ഇന്ന് “നേതൃത്വത്തെക്കുറിച്ചുള്ള അനാവശ്യ വിവാദങ്ങളിൽ സമയം കളയാതെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുക” എന്ന തീരുമാനത്തിലായാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഒരുമിച്ച് മുന്നോട്ടുപോകുന്നത് സംസ്ഥാനത്തിനും പാർട്ടിക്കും വളരെയധികം ഗുണകരമാകും. ഒത്തൊരുമ, നേതൃത്വം, ജനകീയ ഭരണരേഖ ഇവയൊക്കെ കൂട്ടുപിടിച്ചാൽ കോൺഗ്രസ്സിന് ഭാവിയിൽ വിജയത്തിലേക്ക് എത്താൻ കഴിയുമെന്നത് ഉറപ്പാണ്.






