കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും വെൽഫെയർ പാർട്ടിയും കൈകോർത്ത് പ്രവർത്തിക്കാൻ രാഷ്ട്രീയ തീരുമാനമെടുത്തത് കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തിനു നേർക്കുള്ള തുറന്ന വെല്ലുവിളിയാണ്. വോട്ടിനു വേണ്ടി മതതീവ്രതയെ മാന്യതയാക്കുന്ന ഇത്തരം തന്ത്രങ്ങൾ ജനാധിപത്യ സംസ്ക്കാരത്തിന് അപമാനമാണ്.
അന്താരാഷ്ട്ര തലത്തിൽ തീവ്ര മതരാഷ്ട്ര ആദർശവും അജണ്ടകളുമായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ഇന്ത്യയിലെ രാഷ്ട്രീയരൂപവുമായി ചേർന്ന് വോട്ടുബാങ്ക് പ്രീണന രാഷ്ട്രീയം കളിക്കുന്നതിലൂടെ മതേതരത്വം, പൊതുനന്മ, ജനാധിപത്യ മൂല്യങ്ങൾ എന്നിവ ബലി കൊടുക്കുന്ന നടപടിയാണ് കോൺഗ്രസ് പാർട്ടി സ്വീകരിക്കുന്നത്. ഇടതുപക്ഷത്തിന്റെ പിഡിപി ബാന്ധവത്തിന്റെ പേരിൽ യുഡിഎഫിന്റെ വെൽഫെയർ സഖ്യത്തെ വെള്ളപൂശുന്നതുവഴി ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കുകയാണ്.
ഒരു കാലത്ത് മതേതരത്വത്തിന്റെ മുഖമായിരുന്ന കോൺഗ്രസ് പാർട്ടി, താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനായി തത്വാധിഷ്ഠിതമായ എല്ലാ മൂല്യങ്ങളും കൈവിടുന്നത് അവസരവാദ രാഷ്ട്രീയത്തിന് തെളിവാണ്. വെൽഫെയർ പാർട്ടിയുമായി ചേർന്ന് വോട്ട് നേടാനുള്ള തന്ത്രം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. ഒരു വശത്ത് മത വർഗീയതയെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും മറുവശത്ത് മത തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മുന്നണികളുടെ സമീപനം രാഷ്ട്രീയ ആത്മഹത്യയാണ്.
നിലമ്പൂരിൽ വിജയിക്കാനായി മതരാഷ്ട്ര വാദികളുമായി കൈകോർക്കുമ്പോൾ, കേരളത്തിലെ മാത്രമല്ല ഭാരതത്തിന്റെ രാഷ്ട്രീയത്തിൽ തന്നെയും സ്വയം അപ്രസക്തരാക്കാൻ നിങ്ങൾതന്നെ കുഴിക്കുന്ന കുഴിയായി ഈ കൂട്ടുകെട്ട് മാറുമെന്ന് ഓർക്കുന്നത് നന്നായിരിക്കും. നിലമ്പൂരിൽ മാത്രമല്ല തിരഞ്ഞെടുപ്പുള്ളത്, വരാൻപോകുന്ന തിരഞ്ഞെടുപ്പുകളിൽ മതേതര വോട്ടർമാർ ഈ തീവ്രവാദ പ്രീണന രാഷ്ട്രീയത്തിന് ചുട്ട മറുപടി നൽകും. ചില സംഘടനകൾ നിരന്തരം തൊടുത്തു വിടുന്ന പൊളിറ്റിക്കൽ ഇസ്ലാമിൻറെ ഇസ്ലാമിസ്റ്റ് തീവ്രത എന്താണെന്ന് പൊതുജനം തിരിച്ചറിയുന്ന കാലമാണ് ഇതെന്ന് മറക്കരുത്.
ജനാധിപത്യത്തിൽ വോട്ടു പ്രധാനമാണ്. എന്നാൽ, വോട്ടിനുവേണ്ടി ആത്മാഭിമാനവും മതേതര മൂല്യങ്ങളും ബലി കഴിക്കുന്ന അവസ്ഥ ഒരു പാർട്ടിക്കും ഗുണം ചെയ്യില്ല. കോൺഗ്രസ് മുന്നണിയും ഇടതുപക്ഷമുന്നണിയും ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്തിരിയണം. മതേതരത്വത്തിൻ്റെ മുഖംമൂടിയിട്ട് മതമൗലിക വാദികളുടെ കൈ പിടിക്കുന്നവരുടെ കാപട്യം തുറന്നുകാട്ടേണ്ടത് നിലമ്പൂരിലെ ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിക്കുന്നു.






