തിരുവനന്തപുരം: സംസ്ഥാന സർക്കാർ തുടക്കമിട്ട ‘കണക്ട് ടു വർക്ക്’ പദ്ധതിയിൽ ആദ്യ ദിനം തന്നെ 9,861 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചുതുടങ്ങിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, ലഭിച്ച അപേക്ഷകളിൽ അർഹരായ ഏകദേശം 10,000 പേർക്ക് സ്കോളർഷിപ്പ് അനുവദിച്ചു. പ്രതിമാസം 1000 രൂപ വീതം അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന തുക ക്രഡിറ്റ് ചെയ്തു. ഇതിൽ 9,861 പേരുടെ അക്കൗണ്ടുകളിലേക്ക് തുക എത്തിയിട്ടുണ്ട്. ശേഷിക്കുന്ന അപേക്ഷകരുടെ അക്കൗണ്ടുകളിൽ സാങ്കേതിക തടസ്സങ്ങൾ മൂലമാണ് തുക ക്രഡിറ്റ് ആകാത്തതെന്നും, തടസ്സങ്ങൾ പരിഹരിക്കുന്നതോടെ അവർക്കും തുക ലഭ്യമാകുമെന്നും ധനമന്ത്രി അറിയിച്ചു.
പഠനം പൂർത്തിയാക്കി തൊഴിലിനായി തയ്യാറെടുക്കുന്നവർക്കും നൈപുണ്യ പരിശീലനം നേടുന്ന യുവജനങ്ങൾക്കും സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനാണ് ‘കണക്ട് ടു വർക്ക്’ പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചത്. കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങളിലെ 18 മുതൽ 30 വയസ് വരെയുള്ള യുവതി യുവാക്കൾക്കാണ് പദ്ധതിയുടെ ആനുകൂല്യം. കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ.
കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ, അംഗീകൃത സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവർക്കും, യുപിഎസ്സി, സംസ്ഥാന പി.എസ്.സി., സർവീസ് സെലക്ഷൻ ബോർഡ്, സായുധ സേന, ബാങ്ക്, റെയിൽവേ ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അപേക്ഷിക്കാനാവുക.പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ അർഹരായ അഞ്ച് ലക്ഷം പേർക്ക് സ്കോളർഷിപ്പ് നൽകും. സർക്കാർ എംപ്ലോയ്മെൻറ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബ്പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. 12 മാസത്തേക്ക് പ്രതിമാസം 1000 രൂപ വീതമാണ് സ്കോളർഷിപ്പ് നൽകുന്നത്. യുവാക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും പഠനോത്സാഹം നിലനിർത്തുകയും ചെയ്ത് നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.






