വയനാട്: വയനാട് തുരങ്ക പാതയുടെ നിർമാണം തുടരാമെന്ന് ഹൈക്കോടതി. നിർമാണം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി.വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജിയാണ് തള്ളിയത്. തുരങ്ക പാത നിർമ്മിക്കുന്ന സമയത്തുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
കിഫ്ബി ധനസഹായത്താൽ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാതയുടെ നിർമാണം നടക്കുന്നത്. ഇന്ത്യയിലെ ദൈർഘ്യമേറിയ മൂന്നാമത്തെ ട്വിൻ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്നത്. കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയിൽ അനന്തമായ സാധ്യതകളുടെ വാതിൽ തുറക്കുന്നതുമായ ഈ തുരങ്കപാത കേരളത്തിന്റെ വികസനരംഗത്ത് വൻ കുതിച്ചുചാട്ടം സൃഷ്ടിക്കും.
പദ്ധതി പൂർത്തിയാകുന്നതോടെ താമരശ്ശേരി ചുരത്തിലെ തിരക്ക് ഒഴിവാകും, കോഴിക്കോട് -വയനാട് ഗതാഗതം സുഗമമാകും, യാത്രാസമയവും കുറയുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ വർഷം ആഗസ്‌ത് 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തുരങ്കപാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ചിരുന്നത്. ആനക്കാംപൊയിലിൽ നിന്നും മേപ്പാടിയിലെ കള്ളാടിവരെയുള്ള പ്രദേശത്തേക്കാണ് തുരങ്കപാത വരുന്നത്.




