തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ പ്രവർത്തനം രണ്ടാംഘട്ടത്തിലേക്ക്. 9560 കോടിയാണ് നിർമാണചെലവ് പ്രതീക്ഷിക്കുന്നത്. 2028 ൽ നിർമാണം പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ അടുത്തഘട്ട വികസനമാണ് ഏവരും ഉറ്റു നോക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് നിർമാണം ഉദ്ദേശിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം പൂർത്തിയായതോടെ അടുത്ത മൂന്ന് ഘട്ട വികസനം ഒരുമിച്ച് സാധ്യമാക്കാനാണ് അദാനി പോർട്ട് ഉദ്ദേശിക്കുന്നത്. 2028 ഡിസംബറിൽ പൂർത്തിയാകും വിധമാണ് പ്രവർത്തനം. ഒന്നാംഘട്ടം പൂർത്തിയായപ്പോൾ 5.93 ലക്ഷം കണ്ടെയ്നാറാണ് കൈകാര്യം ചെയ്തത്. നിർമാണ ഘട്ടം പൂർത്തിയാകുന്നതോടുകൂടി തുറമുഖത്തിന്‍റെ മിനിമം സ്ഥാപിതശേഷി പ്രതിവർഷം 35 ലക്ഷം ടിഇയു ആയി വർധിക്കും. ബർത്തിന്‍റെ നീളം 2000 മീറ്ററാകുമ്പോൾ പുലിമുട്ടിന്‍റെ നീളം 4000ത്തോട് അടുക്കും. കണ്ടെയ്നർ സംഭരണ യാർഡിന്‍റെ വിപുലീകരണം, 1220 മീറ്റർ നീളമുള്ള മൾട്ടി പർപ്പസ് ബർത്തുകൾ, ബ്രേക്ക് വാട്ടറിനോട് അനുബന്ധിച്ച് 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകൾ, ലിക്വിഡ് കാർഗോ സംഭരണ സൗകര്യം എന്നിവ കൂട്ടിചേർക്കും. ഇതിന്‍റെ വികസനത്തിനായി 77.17 ഹെക്ടർ ഭൂമിയാണ് ആവശ്യമായി വരുന്നത്. ഡ്രഡ്ജിങ്ങിലൂടെ കടൽ നികത്തിയാകും ഇത് കണ്ടെത്തുക.






